top of page

പഹൽഗാം ഭീകരവാദി ആക്രമണവും പാകിസ്ഥാന്റെ പങ്കും

  • Writer: ASHVIN RAJ
    ASHVIN RAJ
  • Jul 9
  • 2 min read

Adv. Ameer Sha Pandikkad

ree

ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസങ്ങളാണ് പഹൽഗാം ആക്രമണത്തിലൂടെ കഴിഞ്ഞു പോയത്. അടുത്ത ചോദ്യം ഇതിനു പിന്നിൽ പ്രവർത്തിച്ച ലഷ്‌കറെ ത്വയ്യിബ എന്ന ഭീകര പ്രസ്ഥാനത്തിന്റെ മറ്റൊരു ഘടകമായ TRF എന്തുകൊണ്ട് ഇത്തരമൊരു ക്രൂര പ്രവർത്തി ടൂറിസ്റ്റുകളായ ആളുകളോട് ചെയ്തു? അവർ നൽകുന്ന സന്ദേശമെന്ത്? ഇത്തരം വിഷയങ്ങളിൽ ഇനിയും ഇതാവർത്തിക്കാതിരിക്കാൻ, ഇനി ഇന്ത്യൻ സൈന്യവും ഭരണകൂടവും അവരെ എന്നെന്നേക്കുമായി എങ്ങിനെ നിർമാർജനം ചെയ്യാൻ ശ്രമിക്കും? ഇതൊക്കെയാണ് നമ്മൾ ചർച്ച ചെയ്യുന്നത്.

കാശ്മീരിലും രാജസ്ഥാനിലും 2019 മുതൽ 2024 നടന്ന ഒട്ടുമിക്ക ഭീകര ആക്രമണങ്ങളിലും അവർ ലക്ഷ്യം വെച്ചത് തീർത്ഥാടകരെയും ടൂറിസ്റ്റുകളെയുമായിരുന്നു. അതിന്റെ ഒരു പിന്തുടർച്ചയായിട്ടാണ് 22 ഏപ്രിൽ 2025 നടന്ന പഹൽഗാം എന്ന് വേണം പ്രത്യക്ഷത്തിൽ മനസ്സിലാക്കാൻ. കാശ്മീരിൽ ആർട്ടിക്കിൾ 370 സ്റ്റാറ്റസ് എടുത്തു കളയുകയും 2019 നു ശേഷം കാശ്മീർ പൊതുവിൽ ജനജീവിതം മെച്ചപ്പെടാൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ, പഹൽഗാം ഉൾകൊള്ളുന്ന പർവത നിരകൾ നിറഞ്ഞ ഭാഗങ്ങളിൽ തദ്ദേശവാസികൾ അല്ലാത്ത ആളുകളുടെ സാന്നിധ്യം കുറക്കുക എന്നതാണ് ലഷ്‌കറെ ത്വയ്യിബ എന്ന സംഘടനയും നിരാധിക്കപെട്ട TRF എന്ന പോഷക ഘടകവും ഇത്തരം ആക്രമണങ്ങളിലൂടെ ചെയ്തു വരുന്നത്.

1985 ൽ സ്ഥാപിതമായ ലഷ്‌കറെ ത്വയ്യിബ എന്ന ഭീകര ഘടകത്തിന്റെ ഒട്ടുമിക്ക തലവന്മാരെയും ഇന്ത്യൻ സൈന്യം കൊല്ലുകയും സംഘടനയുടെ ചട്ടക്കൂട് തകർക്കും വിധം ഈ സംഘടനയെ നിർവീര്യമാക്കി കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരിക്കയാണ്. അതിടൊപ്പം തന്നെ ഇന്ത്യ കശ്മീരിന്റെ 370 പദവി എടുത്തു കളയുകയും മറ്റു സംസ്ഥാനങ്ങളെ പോലെ കാശ്മീരിനെയും കാശ്മീരിലെ ജനതയെയും ഒന്നിപ്പിക്കാൻ ശ്രമങ്ങൾ നടത്തുമ്പോൾ വരും വർഷങ്ങളിൽ ടൂറിസം അടക്കമുള്ള മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടാവുമെന്നും ജനജീവിതം മെച്ചപ്പെടുമെന്നുമുള്ള സാഹചര്യം ഉണ്ടാവുമ്പോൾ വിഘടന പ്രവർത്തികൾക്ക് കാശ്മീരിലെ ജനതയെ ലഭിക്കാത്ത അവസ്ഥ വരുമെന്നത് ഒരു തുറന്ന സത്യമായി മാറുമെന്നതാണ് സാഹചര്യം. അതുപോലെ തന്നെ ലഷ്‌കറെ ത്വയ്യിബ എന്ന പ്രസ്ഥാനവും അതിന്റെ പോഷക സംഘടനകളും അവരുടെ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ട് കണ്ടെത്തുന്നത് ആയുധ / ലഹരി കള്ളക്കടത്തുകളിലൂടെയാണ്.

ഏപ്രിൽ 2025 ൽ നടന്ന ഭീകരാക്രമണത്തിൽ വളരെ ചെറിയ പ്രായത്തിലുള്ള യുവാക്കളാണ് ഈ കൃത്യം നിർവഹിച്ചത് എന്ന് കാണാൻ കഴിയും. സ്വാഭാവികമായും TRF പോലുള്ള ഒരു സംഘടന കശ്മീരിലെ വളരെ ചെറിയ യുവാക്കളെയാണ് ടാർഗറ്റ് ചെയ്യുന്നതും ട്രെയിൻ ചെയ്യുന്നതുമെന്ന് കാണാൻ കഴിയും. അതായത് അവരുടെ പ്രവർത്തനങ്ങൾ വളരെ ശക്തമായി സമൂഹത്തിലേക്ക് വേരിറങ്ങുന്നു എന്നുവേണം മനസ്സിലാക്കാൻ. തന്നെയുമല്ല ഇന്ത്യൻ മിലിറ്ററി & ഇന്റലിജൻസ് കൂടുതൽ നിയന്ത്രണങ്ങൾ കാശ്മീർ താഴ്വരകളിൽ നടപ്പിലാക്കി വേണം വരും നാളുകളിൽ ജനജീവിതം മെച്ചപ്പെടുത്താൻ.

പാക്കിസ്ഥാൻ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളായ ശ്രീനഗർ, പഹൽഗാം, ലെഹ് എന്നിവ തുടർച്ചയായി തീവ്രവാദി ആക്രമണങ്ങൾ നേരിടുന്ന പ്രദേശങ്ങളാണ്. കഴിഞ്ഞ അമ്പത് വർഷമായി ഇന്ത്യയിൽ പന്ത്രണ്ടായിരത്തോളം തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാവുകയും ഇരുപതിനായിരത്തോളമാളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണങ്ങൾ പരിശോധിച്ച് നോക്കിയാൽ വർഷാവർഷം ആക്രമണങ്ങൾ കൂടുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. 1980 ൽ പത്ത് ഭീകരാക്രമണങ്ങൾ നടന്നപ്പോൾ 1990 ആയപ്പോഴേക്കും അത് 350 ആയി മാറി എന്നതാണ് ഗ്രാഫ് കാണിക്കുന്നത്. 2000 നു ശേഷം ആക്രമണങ്ങൾ പൊതുവിൽ കുറഞ്ഞു വരുകയും എന്നാൽ 2009 നു ശേഷം ഭീകര ആക്രമണങ്ങൾ വീണ്ടും 600 നു മേലെയെത്തി. ഏറ്റവും അധികം ആക്രമണങ്ങൾ നടന്നത് 2016-2017 വർഷങ്ങളിലാണ്. രണ്ടായിരത്തിനു മേലെ ആക്രമണങ്ങളാണ് ഈ രണ്ടു വർഷങ്ങളിൽ നടന്നത് എന്ന് മാത്രമല്ല ആയിരത്തോളമാളുകൾ ഈ രണ്ടു വർഷങ്ങളിൽ കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ഭീകര ആക്രമണങ്ങൾക്ക് 25% ഫണ്ട് നേരിട്ട് ലഭിക്കുന്നത് പാകിസ്ഥാനിൽ നിന്നുമാണ്. ബാക്കി വരുന്ന ഫണ്ടുകൾ ഈ സംഘടനകൾ ഉണ്ടാക്കുന്നത് ലഹരി കയറ്റുമതി, ആയുധ വില്പന, കള്ളനോട്ട്, ബാങ്ക് കൊള്ള, ആളുകളെ തട്ടികൊണ്ട് പോവുക, മറ്റു ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുമുള്ള ഫണ്ടിംഗ് എന്നിവയിലൂടെയാണ്. പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് കള്ളനോട്ടുകൾ കടത്തുന്നത് അയൽരാജ്യങ്ങളിലും മറ്റു മിഡില് ഈസ്‌ററ് രാജ്യങ്ങളിലെയും പാക്കിസ്ഥാൻ എംബസ്സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഇത്തരം നോട്ടുകളാണ് രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നും പിടിക്കപ്പെടുന്നത്. ബോർഡർ സെക്യൂരിറ്റി കർശനമാക്കുക, ഭീകര സംഘടനകളുടെ താവളങ്ങൾ കൃത്യമായി നിരീക്ഷിക്കപെടുക, നാർക്കോട്ടിക് ചങ്ങലകൾ കൃത്യമായി തകർക്കുക, സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കപെടുക, ഹവാല കണ്ണികൾ തകർക്കുക, പഹൽഗാം, ജമ്മു, ശ്രീനഗർ, ലെഹ് പോലുള്ള മേഖലകളിൽ സൈനിക നിരീക്ഷണം വർദ്ധിപ്പിക്കുക എന്നിവയാണ് പരിഹാര മാർഗങ്ങൾ.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 3400 കിലോമീറ്റർ ബോർഡർ പങ്കിടുമ്പോൾ ഇന്ത്യയും ചൈനയും തമ്മിൽ 4000 കിലോമീറ്റർ ബോർഡർ പങ്കിടുന്നുണ്ട്. പാക്കിസ്ഥാൻ ചൈന എന്നീ രാജ്യങ്ങൾ ഇന്ത്യക്ക് എന്നും ഒരു തലവേദനയായി നിൽക്കുന്ന കാലത്തോളം ഇന്ത്യൻ സൈനിക ശക്തി കുറക്കാതിരിക്കുക തന്നെ ചെയ്യേണ്ടി വരും.


(ഇക്വിറ്റി ഇന്ത്യ & റിസർച്ച് എന്ന സ്ഥാപനത്തിന്റെ സാരഥിയാണ് Ameersha VP. കഴിഞ്ഞ ഇരുപത് വർഷമായി മാർക്കറ്റിങ് & റിസർച് രംഗത്ത് പ്രവർത്തിക്കുന്നു. ബന്ധപ്പെടാനുള്ള നമ്പർ 8547484769)

Comments


bottom of page