മുട്ടുമടക്കാതെ കേരളം
- ASHVIN RAJ

- Jul 9
- 3 min read
Updated: Jul 16
കെ എൻ ബാലഗോപാൽ
ധനകാര്യവകുപ്പ് മന്ത്രി

2025-26 ലെ ബജറ്റ് പ്രസംഗം ആരംഭിച്ചത് രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. കേന്ദ്രം കേരളത്തിനുമേൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ഉപരോധത്തിന്റെ സാഹചര്യത്തിലും വികസനപ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും പണമെത്തിക്കാൻ കേരളത്തിന് കഴിഞ്ഞു. കഴിഞ്ഞ നാലുവർഷക്കാലം സാമ്പത്തിക വെല്ലുവിളികളുടെ കാലമായിരുന്നു. സൂക്ഷ്മമായ സാമ്പത്തിക ജാഗ്രതയോടെയും കൃത്യമായ മാനേജ്‌മെന്റിലൂടെയും നാം മുന്നേറുകയാണുണ്ടായത്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപം ഇരട്ടിയോളം ആക്കാനുമായി.
മികവാർന്ന ധനമാനേജ്‌മെന്റ്
തനത് വരുമാനം വലിയതോതിൽ ഉയർത്തിയാണ് സംസ്ഥാനം പിടിച്ചുനിൽക്കുന്നത്. 2011-12 ൽ തനത് നികുതി വരുമാനം 25,718 കോടി രൂപയായിരുന്നു. 2016-17ൽ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യവർഷം ഇത് 42,176 കോടിയായി. അവസാനവർഷം 2020-21 ൽ 47,661 കോടി രൂപയായി. ഈ സർക്കാരിന്റെ ആദ്യവർഷം 2021-22ൽ 58,341 കോടി രൂപ, 2022-23ൽ 71,968 കോടി രൂപ, 2023-24ൽ 74,329 കോടി രൂപ, നടപ്പുവർഷം (202425) 81,627 കോടി രൂപ എന്നിങ്ങനെ നികുതി വരുമാനം ഉയർത്താനായി. അടുത്ത സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത് 91,515 കോടി രൂപയാണ്.
നികുതിയേതര വരുമാനവും ഇരട്ടിയോളം വർധിപ്പിക്കാനായി. 2011-12ൽ നികുതിയേതരവരുമാനം 2,592 കോടി രൂപയായിരുന്നു. 2016-17ൽ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യവർഷം ഇത് 9,699 കോടിയായി. അവസാനവർഷം 2020-21ൽ 7,372 കോടി രൂപയായി. ഈ സർക്കാരിന്റെ ആദ്യവർഷം 2021-22ൽ 10,463 കോടി രൂപ, 2022-23ൽ 15,118 കോടി രൂപ, 2023-24ൽ 16,346 കോടി രൂപ, നടപ്പുവർഷം 2024-25ൽ 17,906 കോടി രൂപ എന്നിങ്ങനെ നികുതിവരുമാനം ഉയർത്താനായി. അടുത്ത സാമ്പത്തികവർഷം 19,145 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.
കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞു
സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ കേന്ദ്രവിഹിതം വർഷംതോറും ഗണ്യമായി കുറയുന്നു. 2016-17ൽ റവന്യു വരുമാനമായിരുന്ന 75,612 കോടിയിൽ 23,735 കോടി രൂപ കേന്ദ്രവിഹിതമായിരുന്നു. 32 ശതമാനം. 2020-21ൽ 42,629 കോടി രൂപ (44 ശതമാനം), 2021-22ൽ 47,837 കോടി (41 ശതമാനം), 2022-23ൽ 48,230 കോടി രൂപ (36 ശതമാനം) എിങ്ങനെയായിരുന്നു കേന്ദ്ര വിഹിതം. എന്നാൽ, 2023-24ൽ 33,811 കോടി രൂപ (27 ശതമാനം), 2024-25ൽ 33,397 കോടി രൂപ-റവന്യു വരുമാനത്തിന്റെ 25 ശതമാനം മാത്രം എന്നിങ്ങനെ കുത്തനെ കുറയുന്നതാണ് സ്ഥിതി. 2020-21നെ അപേക്ഷിച്ച് ഏതാണ്ട് 20 ശതമാനം വരെയാണ് കുറവുണ്ടായത്. അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ 2025 ജനുവരി വരെ കേന്ദ്രത്തിൽനിന്നും ലഭ്യമായ റവന്യൂ വരുമാനത്തിൽ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2942.29 കോടി രൂപയുടെ കുറവുണ്ടായിന്നുണ്ട്.
പൊതുചെലവ്
2011-16ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ശരാശരി വാർഷിക ചെലവ് 68,169 കോടി രൂപയായിരുന്നു. ഓം പിണറായി സർക്കാരിന്റെ കാലത്ത് 2016 മുതൽ 2021 വരെ ശരാശരി പൊതുചെലവ് 1,15,378 കോടി രൂപയായിരുന്നു. ഈ സർക്കാരിന്റെ നാലുവർഷ കാലയളവിലെ ശരാശരി പൊതുചെലവ് 1,65,061 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വർഷം 2,00,354 കോടി രൂപയാണ് ആകെ ചെലവായി പ്രതീക്ഷിക്കുന്നത്.
മൂലധന ചെലവ്
സംസ്ഥാനത്തിന്റെ മൂലധന ചെലവ് 2022-23 സാമ്പത്തിക വർഷത്തിൽ 16,787.49 കോടി രൂപയായിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 16,880.17 കോടി രൂപയായി വർധിച്ചിട്ടുണ്ട്. മാത്രമല്ല, അക്കൗണ്ടന്റ് ജനറലിന്റെ 2025 ജനുവരി വരെയുള്ള പ്രാഥമികകണക്കുകൾ പ്രകാരം 13,578.92 കോടി രൂപയാണ്. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 731.63 കോടി രൂപയുടെ വർധനവാണ് കാണിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുപ്പിൽ നിയന്ത്രണം ഏർപ്പെടുത്തുകയും കേന്ദ്രത്തിൽനിന്നും ലഭ്യമാകുന്ന ഗ്രാന്റ് ഇൻ എയ്ഡിൽ കുറവുണ്ടാവുകയും ചെയ്യുമ്പോഴാണ് സംസ്ഥാനം വികസന ചെലവുകളിൽ വർധന രേഖപ്പെടുത്തിയിട്ടുള്ളത്.
വെല്ലുവിളികൾ
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ റവന്യൂ വരുമാനത്തിന്റെ 62.3% കേന്ദ്ര സർക്കാരിന് ലഭിക്കുന്നു. സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് 37.7% മാത്രം. എന്നാൽ രാജ്യത്തെ ആകെ റവന്യൂ ചെലവിന്റെ 62.5%വും നിർവഹിക്കേണ്ടിവരുന്നത് സംസ്ഥാനങ്ങളാണ്. അതിൽതന്നെ കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്ന കേന്ദ്രവിഹിതം ഓരോ ധനകാര്യകമ്മിഷൻ കാലയളവിലും ഗണ്യമായി കുറയുകയാണ്.
ഇപ്പോൾ കേരളത്തിന് ഡിവിസിബിൾ പൂളിൽ നി്ന്ന് ലഭ്യമാകുന്നത് 1.925 ശതമാനം മാത്രമാണ്. ഉത്തർപ്രദേശിന് 17.94%വും ബീഹാറിന് 10.06%വും മധ്യപ്രദേശിന് 7.85%വും പശ്ചിമബംഗാളിന് 7.52%വും മഹാരാഷ്ട്രയ്ക്ക് 6.32%വും ലഭ്യമാകുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ 41% കേന്ദ്ര വിഹിതം സംസ്ഥാനങ്ങൾക്കായി നീക്കിവെക്കാൻ നിർദ്ദേശിച്ചു. ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചു. എന്നാൽ നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക് ഫലത്തിൽ 30%ത്തിലും താഴെ മാത്രമാണ് ലഭിക്കുന്നത്.
രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലായതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം ഏതാണ്ട് പൂർണ്ണമായും ഇല്ലാതായി. ജിഎസ്ടിയുടെ ആവിർഭാവത്തോടെ സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം നികത്തുന്നതിനായി കേന്ദ്രം നൽകിവന്നിരുന്ന ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂണിൽ നിർത്തലാക്കി. ജിഎസ്ടി വരുമാനത്തിൽ പ്രതീക്ഷിതമായ വർധനവ് കൈവരിക്കാൻ സംസ്ഥാനങ്ങൾക്ക്് കഴിയാതിരുന്നിട്ടും കോവിഡ് ഏതാണ്ട് രണ്ട് വർഷക്കാലം സാമ്പത്തികമേഖലയെ നിശ്ചലമാക്കിയിട്ടും നഷ്ടപരിഹാര കാലയളവ് ദീർഘിപ്പിച്ചില്ല. പ്രതിവർഷം 12,000 കോടിയുടെ സ്ഥിരവരുമാനമാണ് സംസ്ഥാനത്തിന് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇതിലൂടെ നഷ്ടമായത്.
പത്താം ധനകാര്യ കമ്മിഷനിൽ കേരളത്തിന് ഡിവിസിബിൾ പൂളിൽനി് കേന്ദ്രം നൽകിയിരുന്ന വിഹിതം 3.8%വും പതിനാലാം ധനകാര്യ കമ്മീഷന്റെ കാലത്ത് 2.5 ശതമാനവുമായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷനിലേക്ക് എത്തുമ്പോൾ അത് 1.92 ശതമാനമായി വെട്ടിക്കുറച്ചു. കേന്ദ്ര നികുതിവിഹിതം 2.5 ശതമാനത്തിൽനിന്നും 1.92 ശതമാനമായി കുറച്ചതിലൂടെ മാത്രം ഈ സർക്കാരിന് മുൻ സർക്കാരിനെ അപേക്ഷിച്ച്, വരുമാനത്തിൽ നാലുവർഷത്തിൽ 25,000 കോടി രൂപയുടെ നഷ്ടമുണ്ടായി. കിഫ്ബി, പെൻഷൻ കമ്പനി എന്നിവയ്്ക്കായി എടുത്ത കടങ്ങൾ സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കിയതിലൂടെ നാലുവർഷത്തിലുണ്ടായ വരുമാനനഷ്ടം 16,433 കോടി രൂപയാണ്. മാത്രവുമല്ല, ട്രഷറി അക്കൗണ്ടിൽ ജീവനക്കാരും പൊതുജനങ്ങളും സൂക്ഷിക്കുന്ന പണം (പബ്ലിക് അക്കൗണ്ട്) സർക്കാരിന്റെ പൊതുകടമായി കണക്കാക്കിയതിലൂടെ സംസ്ഥാനത്തിന്റെ കടപരിധിയിൽ 39,720 കോടി രൂപയുടെ കുറവുണ്ടായി. ബ്രാൻഡിങ്ങിന്റെയും മറ്റും പേരിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ അർഹതപ്പെട്ട വിഹിതവും കാപ്പെക്സ് വായ്പപോലും കേരളത്തിന് നിഷേധിക്കപ്പെട്ടു.
2024-25ലെ കണക്കുപ്രകാരം കേരളത്തിന്റെ ആകെ റവന്യു വരുമാനത്തിന്റെ 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയിൽ കണ്ടെത്തുകയാണ്. 25 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. മറ്റു പല സംസ്ഥാനങ്ങളുടെയും വരുമാനത്തിന്റെ 50 മുതൽ 70 ശതമാനം വരെ ഇതേ കേന്ദ്രസർക്കാർ നൽകുന്നുമുണ്ട്. ഇങ്ങനെ രൂപപ്പെട്ട വലിയ ധനഞെരുക്കത്തോട് പടവെട്ടിയാണ് രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ നാലുവർഷവും മുന്നോട്ടുപോകുന്നത്.
സാമ്പത്തിക ഉത്തരവാദിത്വം വർധിക്കുന്നു.
ചെലവുകളിൽ കൃത്യമായ മുൻഗണന നിശ്ചയിച്ചും അനാവശ്യചെലവുകൾ കർശനമായി നിയന്ത്രിച്ചും സാമൂഹ്യസുരക്ഷാ-ക്ഷേമ പവർത്തനങ്ങൾക്കെല്ലാം ഊന്നൽ നൽകിയുമാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സർക്കാരിന്റെ അവസാനമാസങ്ങളിൽ പ്രഖ്യാപിച്ച ശമ്പളം, പെൻഷൻ പരിഷ്‌കരണവും സാമൂഹ്യസുരക്ഷാ പെൻഷൻ വർധനവും ഉൾപ്പെടെയുള്ളവയുടെ അധിക സാമ്പത്തിക ഉത്തരവാദിത്വം ഈ സർക്കാരിന് നിർവഹിക്കേണ്ടിവന്നു.
ആശാ വർക്കർമാരുടെ ശമ്പളവർധന രണ്ടു തവണ ഈ സർക്കാർ നടപ്പാക്കി. കെഎസ്ആർടിസിയ്ക്കായി വലിയ ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്. കെടിഡിഎഫ്സിയുടെ കടബാധ്യത തീർക്കാനും പണം നൽകേണ്ടിവന്നു. കെഎഫ്സി, കെഎസ്എഫ്ഇ, കേരള ഗ്രാമീണ ബാങ്ക്, കൊച്ചി മെട്രോ റെയിൽ, കണ്ണൂർ വിമാനത്താവളം തുടങ്ങിയവയ്ക്കെല്ലാം ബജറ്റിനു പുറത്താണ് വലിയതോതിൽ സാമ്പത്തിക സഹായം നൽകേണ്ടിവന്നത്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കും സംസ്ഥാനം മാത്രം പണം നൽകേണ്ട സ്ഥിതിയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെല്ലാം കേന്ദ്രവിഹിതം വലിയതോതിൽ കുറയുകയോ കേന്ദ്രസർക്കാർ പൂർണ്ണമായും പിൻമാറുകയോ ചെയ്യു സ്ഥിതിയാണുള്ളത്. ഇതുമൂലം സ്‌കീം വർക്കേഴ്സ്, എൻഎച്ച്എം, നെല്ല് സംഭരണം, മാതൃശിശു പോഷകാഹാര പദ്ധതികൾ, ക്ഷേമപെൻഷൻ, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലൊക്കെ വലിയ സാമ്പത്തിക ബാധ്യതകൾ സംസ്ഥാനത്തിനുണ്ടാകുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടുപോകുമ്പോഴും വിവിധ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താനും കൂടുതൽ മേഖലകളിൽ മുന്നിലേക്ക് എത്താനും നമുക്ക് കഴിയുന്നുണ്ട്. കേന്ദ്രം പല കാരണങ്ങളാൽ നിഷേധിച്ച അർഹതപ്പെട്ട പണം ലഭിച്ചിരുന്നുവെങ്കിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകാൻ കഴിയുമായിരുന്നു.
.png)
Comments